HISTORY

ക്ഷേത്രത്തിൻ്റെ ഐതിഹ്യം

ക്ഷേത്രത്തിൻ്റെ ഉത്ഭവം

സ്ഥലനാമം

പണ്ട് ശോകനാശിനി ഒഴുകിയിരുന്നത് ഇന്ന് ക്ഷേത്രം നിൽക്കുന്ന നെൽപ്പാടങ്ങളുടെ ഇടതുവശത്തുകൂടിയാണ്. പിന്നീട് ദേവിയുടെ ഇടപെടൽ മൂലം അത് വലതുഭാഗത്തായി. അങ്ങനെയാണ് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിന് 'തിരുവലത്താറ്' എന്നത് ലോപിച്ചു തിരുവാലത്തൂർ എന്ന സ്ഥലനാമമായി എന്ന് പറയപ്പെടുന്നു.

മഹിഷാസുരമർദ്ദിനി

ഐതിഹ്യമനുസരിച്ച് ക്ഷേത്രത്തിലെ ആദ്യത്തെ പ്രതിഷ്ഠ, വടക്കുഭാഗത്തെ ശ്രീകോവിലിൽ കുടികൊള്ളുന്ന മഹിഷാസുരമർദ്ദിനിയാണ്. അത്യുഗ്രദേവതയായ മഹിഷാസുരമർദ്ദിനിയുടെ വിഗ്രഹത്തിന് ഏകദേശം ആറടി ഉയരമുണ്ട്. പടിഞ്ഞാറോട്ടാണ് ദർശനം. എട്ടുകൈകളോടുകൂടിയ വിഗ്രഹത്തിന്റെ കൈകളിൽ ശംഖ്, ചക്രം, ഗദ, അമ്പ്, വില്ല്, വാൾ, ത്രിശൂലം തുടങ്ങിയ ആയുധങ്ങൾ കാണാം. മഹിഷത്തിന്റെ രണ്ടു കാതിലും ചവിട്ടി വലതുകൈയിലെ ശൂലം മഹിഷത്തിന്റെ കാതിൽ കുത്തിയും ഇടതു കൈയിലുള്ള അമ്പും വില്ലും മഹിഷത്തിന്റെ കൊമ്പിലും കുത്തിയാണ് ഇവിടത്തെ ദാരുവിഗ്രഹ പ്രതിഷ്ഠ (വരിക്കപ്ലാവ്). ദാരുവിഗ്രഹത്തിന്റെ വലതുവശത്തായി മഹിഷാസുരമർദ്ദിനിയുടെ അർച്ചനാബിംബം സ്ഥിതിചെയ്യുന്നു. ഈ അർച്ചനാബിംബത്തിലാണ് അർച്ചനാദി പൂജ അലങ്കാരങ്ങൾ ചെയ്തു വരുന്നത്.

അന്നപൂർണ്ണേശ്വരി

ക്ഷേത്രത്തിലെ സ്വയംഭുവായ അന്നപൂർണ്ണേശ്വരീപ്രതിഷ്ഠയും സവിശേഷമായ ഒരു ഐതിഹ്യത്തിനുടമയാണ്. മഹിഷാസുരമർദ്ദിനിയുടെ പ്രതിഷ്ഠയ്ക്കുശേഷമാണ് ഇത്തരമൊരു പ്രതിഷ്ഠയുണ്ടായതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ആ കഥ ഇങ്ങനെ:
മഹിഷാസുരമർദ്ദിനിയുടെ ഉഗ്രഭാവത്തോടെയുള്ള പ്രതിഷ്ഠ, നാട്ടിൽ പലതരം ബുദ്ധിമുട്ടുകളുണ്ടാക്കി. അതിവർഷം, വെള്ളപ്പൊക്കം, കൃഷിനാശം തുടങ്ങിയവ അവയിൽ പ്രധാനമാണ്. ഇത്തരം സംഭവങ്ങൾ അടുപ്പിച്ചടുപ്പിച്ചുണ്ടാകുന്നതിൽ ദുഃഖിതരായ നാട്ടുകാർ, ദേവിയോടുതന്നെ പ്രാർത്ഥിച്ചു. ഭക്തരുടെ വേദനയിൽ മനസ്സലിഞ്ഞ ദേവി, മഹിഷാസുരമർദ്ദിനിയുടെ ശ്രീകോവിലിന് തെക്കുഭാഗത്ത് താഴ്ചയിൽ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അവിടെ പുതിയ ശ്രീകോവിൽ പണിയുകയും അന്നപൂർണ്ണേശ്വരിസങ്കല്പത്തിൽ ദേവിയെ ആരാധിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഇതിനുശേഷം യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായില്ലെന്ന് മാത്രവുമല്ല, കൂടുതൽ സമ്പദ്സമൃദ്ധിയോടെ ഗ്രാമം വിളങ്ങാൻ തുടങ്ങുകയും ചെയ്തു എന്നും ഐതിഹ്യമുള്ളതാണ്.

മതിൽക്കെട്ട് (ആനപ്പാളിമതിൽ)

ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇവിടത്തെ അതിവിശാലമായ മതിൽക്കെട്ട്. ഇത് മനുഷ്യനിർമ്മിതമല്ലെന്നാണ് ഐതിഹ്യം. ഇതിന്റെ നിർമ്മാണത്തിന് പുറകിൽ പറഞ്ഞുവരുന്ന ഒരു കഥയുണ്ട്. ഈ മതിൽക്കെട്ട് നിർമ്മിച്ചത് ഭൂതഗണങ്ങളാണെന്നും ഒറ്റരാത്രി കൊണ്ടാണ് അവർ ഇത് നിർമ്മിച്ചതെന്നും, എന്നാൽ പണിതീരും മുമ്പ് കോഴി കൂവിയതിനാൽ അവർ പണിയുപേക്ഷിച്ച് സ്ഥലം വിട്ടെന്നുമാണ് കഥ. ഇതിന്റെ തെളിവായി കിഴക്കേ ഗോപുരവും കിഴക്കുഭാഗത്തെ മതിൽക്കെട്ടും പണി പൂർത്തിയാക്കിയിട്ടില്ലെന്ന കാര്യം മനസ്സിലാക്കാം. ഈ ക്ഷേത്ര മതിൽ പണിയാനുള്ള കരിങ്കല്ലുകൾ പാറ എന്ന സ്ഥലത്തു നിന്നും കൊണ്ടുവന്നു എന്ന് പറയപ്പെടുന്ന കൈവഴി ഇന്ന് വണ്ടിത്തോടായി മാറി എന്നും പറയപ്പെടുന്നു.

ഏറ്റവും മികച്ച മരപ്പണിയും ശിലാ ശിൽപങ്ങളും ക്ഷേത്രത്തിലുണ്ട്. ചുറ്റിലുമുള്ള കൂറ്റൻ കരിങ്കൽ ഭിത്തികളും പ്രവേശന വഴികളും കൗതുകമുണർത്തുന്നവയാണ്. 2-5 ടൺ ഭാരമുള്ള കരിങ്കൽ കഷണങ്ങൾ എങ്ങനെയാണ് ഇത്രയും ഉയരങ്ങളിലേക്ക് അവർക്ക് നീക്കാൻ കഴിഞ്ഞത് എന്നത് നമ്മളിൽ ആശ്ചര്യം ഉളവാക്കും. പാലക്കാട്ടിലെ ഏറ്റവും ആകർഷകമായ കരിങ്കൽ ഭിത്തികളിൽ ഒന്നാണിത്.

ക്ഷേത്രനിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും

ശോകനാശിനിയുടെ തെക്കേ കരയിൽ തിരുവാലത്തൂർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലക്കാടുനിന്നോ ചിറ്റൂരിൽ നിന്നോ വരുന്നവർ കൊടുമ്പ് ആൽത്തറ ബസ്സ്സ്റ്റോപ്പിൽ നിന്ന് പുഴയ്ക്ക് കുറുകെയുള്ള പാലം കടന്ന് വേണം ക്ഷേത്രത്തിലെത്താൻ. തിരുവാലത്തൂർ എൽ.പി.സ്കൂളും ഏതാനും കടകളും ഒഴികെ ക്ഷേത്രപരിസരത്ത് ശ്രദ്ധേയമായ നിർമിതികളൊന്നുമില്ല. ക്ഷേത്രത്തിൻ്റെ തെക്കും പടിഞ്ഞാറും വശം നെൽപ്പാടങ്ങളാണ്. ഇവിടെ ഇപ്പോഴും ധാരാളം നെൽപ്പാടങ്ങളുണ്ട്. പച്ചപ്പ് നിറഞ്ഞ വയലുകളും മരങ്ങളും ആരെയും ആകർഷിക്കും. കുറച്ചു ദൂരം പിന്നിട്ടാൽ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഗോപുരത്തിലെത്തും. വളരെ ചെറിയ ഒരു ഗോപുരം ഇവിടെയുണ്ട്. ഗോപുരത്തിനടുത്തായി ഒരു വലിയ ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നു. അന്തിമഹാകാളൻ കുളം എന്നാണ് ഇത് അറിയപ്പെടുന്നത്. ദേവിയുടെ സംരക്ഷകനാണെന്ന് വിശ്വസിക്കപ്പെടുന്ന അന്തിമഹാകാളൻ പ്രതിഷ്ഠ, മേൽക്കൂരയില്ലാത്ത തറയിൽ ശിവലിംഗത്തോട് സാമ്യമുള്ള ഒരു ചെറിയ വിഗ്രഹത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്ര ഗോപുരത്തിനും കുളത്തിനും ഇടയിൽ ഇരുവശങ്ങളിലും ദേവസ്വം പത്തായപ്പുരകൾ കാണാം. ഇവ കടന്നാൽ ക്ഷേത്രമതിലിലെത്താം. രണ്ടു നിലകളിലായി പരന്നുകിടക്കുന്ന അതിവിശാലമായ മതിലാണ് തിരുവാലത്തൂർ ക്ഷേത്രത്തിനുള്ളത്. ഇവയിൽ മുകളിലത്തെ നിലയിൽ മഹിഷാസുരമർദിനിയുടെ ക്ഷേത്രവും താഴത്തെ നിലയിൽ അന്നപൂർണേശ്വരിയുടെ ക്ഷേത്രവുമാണ്. വിവാഹം, ചോറൂൺ, ഭജന തുടങ്ങിയവ താഴെ അന്നപൂർണേശ്വരി ക്ഷേത്രത്തിലാണ് നടത്തുന്നത്. 2017-ൽ നടന്ന നവീകരണത്തിന് ശേഷം നവീകരിച്ച രൂപത്തിലാണ് ഇന്ന് ഇത് കാണുന്നത്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഗ്രേഡ് - 3 ദേവസ്വമാണ് തിരുവാലത്തൂർ ദേവസ്വം.
വടക്കുപടിഞ്ഞാറായാണ് കൂത്തമ്പലം സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയിലുള്ള തറയിൽ നിൽക്കുന്ന ഒരു ചെറിയ ഘടനയാണിത്. ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരത്തിലൂടെ ഇറങ്ങി കുറച്ചുദൂരം ചെന്നാൽ പുഴയിലെ ആറാട്ടുകടവിൽ എത്താം. ഉത്സവകാലത്ത് ഭഗവതിക്ക് ഇവിടെയ്യാണ് ആറാട്ട് നടത്തുന്നത്. ഇവിടെ നിന്നുള്ള നദിയുടെ കാഴ്ച മനോഹരമാണ്. ഇത് കാണാൻ നിരവധി പേർ എത്തുന്നുണ്ട്. സ്വച്ഛദ്ദമായി ഒഴുകുന്ന ശോകനാശിനി പുഴയ്ക്ക് അഭിമുഖമായി അതിപുരാതനമായ ആളിയാർ ശിവക്ഷേത്ര സമുച്ചയം കാണാം. ക്ഷേത്രത്തിലെ ഉപദേവതകളായ ശിവപാർവ്വതി, ശങ്കരനാരായണ, ശ്രീകൃഷ്ണൻ, ഗണേശൻ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

നാലുഗോപുരങ്ങളുള്ള ഈ ക്ഷേത്രത്തിന്റെ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് കിഴക്കേഗോപുരം പണിതീരാത്ത ഗോപുരമായി ഇന്നും അവശേഷിക്കുന്നു എന്നതാണ്. ഭൂതഗണങ്ങളുടെ കഥയുമായി ബന്ധപ്പെട്ട ഐതിഹ്യം തന്നെയാണ് അതിനുള്ള കാരണമായി പറയുന്നത്. വടക്കുവശത്ത് അമ്പലക്കടവിലൂടെ ഇറങ്ങി ശോകനാശിനി നദീതീരത്ത് നിന്ന് നോക്കിയാൽ അയ്യപ്പൻകാവ് സർപ്പക്കാവ് എന്നിവ കാണാം.

History Document by Vasthu Vidya Gurukulam

Prepared by Mahalingam R

GALLERY

മലയാളം